കേരളത്തില്‍ എല്‍ഡിഎഫ് തുടരും; ബംഗാളില്‍ തൃണമൂലെന്നും അഭിപ്രായ സര്‍വേ

pinarayi vijayan kerala corona news update press meet

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്തുമെന്ന് എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യുഡിഎഫ് 53 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. തമിഴ്നാട്ടില്‍ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ മുന്നിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 162 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതല്‍ 106 സീറ്റുകള്‍ നേടും. 294 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന് 26 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കും. തൃണമൂല്‍ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സര്‍വേ പറയുന്നു.

തമിഴ്നാട്ടില്‍ 234 അംഗ സഭയില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 162 സീറ്റുകള്‍ നേടും. ഭരണകക്ഷിയായ എഐഎഡിഎംകെ- ബിജെപി സഖ്യം 64 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. 2016 തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 136 സീറ്റില്‍ വിജയിച്ചപ്പോള്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 98 സീറ്റാണ് നേടിയത്.

അസമില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 77 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 126 അംഗ സഭയില്‍ യുപിഎ 40 സീറ്റുകളും എഐയുഡിഎഫ് ഏഴ് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. പുതുച്ചേരില്‍ എന്‍ഡിഎ 30ല്‍ 16 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്ന സര്‍വേ കോണ്‍ഗ്രസ് ഡിഎംകെ സഖ്യം 14 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.