ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ദേശദ്രോഹവിരുദ്ധ നിയമം ഭരണകൂടങ്ങള്‍ ദുരുപയോഗിക്കുന്നതു തടയാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മാധ്യമരംഗത്തെ അന്താരാഷ്ട്ര സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലോക്ഡൗണ്‍ കാലത്ത് ചുരുങ്ങിയത് 55 ജേണലിസ്റ്റുകള്‍ക്കുനേരെ ഭരണകൂടത്തിന്റെ പ്രതികാര നടപടി ഉണ്ടായി. മൂന്നു വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന ദേശദ്രോഹക്കേസ് അടക്കം ചുമത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാനും അനാവശ്യമായ കേസുകള്‍ ഉപേക്ഷിക്കാനും ബന്ധപ്പെട്ട സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് കത്തില്‍ പറഞ്ഞു.
ഹാഥറസിലേക്കുള്ള യാത്രയില്‍ യു.പി പൊലീസ് പിടികൂടിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് കത്തില്‍ ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ രാഷ്ട്രീയ നേതൃത്വം മാറണമെന്ന് അഭിപ്രായപ്പെട്ട ‘ഫേസ് ദി നേഷന്‍’ ന്യൂസ് പോര്‍ട്ടലിന്റെ ധവല്‍ പട്ടേല്‍, ലോയ കേസില്‍ സുപ്രീംകോടതി വിധിയെക്കുറിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ച ഛത്തിസ്ഗഢിലെ ‘ഭൂമികാല്‍ സമാചാര്‍’ എഡിറ്റര്‍ കമല്‍ ശുക്ല, കോവിഡ് പ്രതിരോധ തയാറെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച ഹിമാചല്‍പ്രദേശിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവ എന്നിവരാണ് ദേശദ്രോഹക്കേസ് നേരിടുന്ന മറ്റുള്ളവര്‍.