Wednesday, July 28, 2021
Home News International ന്യൂസീലാൻഡ് പള്ളികളിൽ കൂട്ടക്കുരുതി നടത്തിയ അക്രമിക്ക് പരോളില്ലാതെ ജീവപര്യന്തം

ന്യൂസീലാൻഡ് പള്ളികളിൽ കൂട്ടക്കുരുതി നടത്തിയ അക്രമിക്ക് പരോളില്ലാതെ ജീവപര്യന്തം

വെല്ലിങ്ടൺ: ന്യൂസീലൻഡിലെ മുസ്ലീംപള്ളികളിൽ കൂട്ടക്കുരുതി നടത്തിയ 29കാരന് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ന്യൂസീലൻഡിൽ ആദ്യമായാണ് ഇത്ര കഠിനമായ ശിക്ഷക്ക് ഒരാൾ വിധേയനാവുന്നത്. ബ്രൻടൺ ടാരന്റ് എന്ന ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയത്.

2019 മാർച്ച് 15നാണ് ന്യൂസീലൻഡിലെ രണ്ട് പള്ളികളിൽ കയറി ഇയാൾ നടത്തിയ വെടിവെപ്പിൽ 51 പേർക്ക് ജീവൻ നഷ്ടമായത്. ക്രൈസ്റ്റ് ചർച്ചിലെയും ലിൻവുഡിലെയും പള്ളികളിൽ പ്രാർഥനയ്ക്കിടെയാണ് സംഭവം.

‘നിങ്ങളുടെ പ്രവൃത്തികൾ അതിക്രൂരമായിരുന്നു. അതിന് ജീവപര്യന്തം തടവെന്നത് പര്യാപ്തമല്ല. പിതാവിന്റെ കാലിൽ പറ്റിപ്പിടിച്ചു നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ വരെ നിങ്ങൾ മനപ്പൂർവം കൊന്നു’, എന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി കാമറൂൺ മാൻഡർ പറഞ്ഞത്.

വെടിവെപ്പുനടന്ന പള്ളികൾ തമ്മിൽ ആറ് കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിയിൽ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40ഓടെയാണ് ആദ്യവെടിവെപ്പുണ്ടായത്. പള്ളിയുടെ മുൻവാതിലിലൂടെ അകത്തു കടന്ന് ഉള്ളിലുണ്ടായിരുന്നവർക്കുനേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഇവിടെ നാനൂറോളംപേർ പ്രാർഥിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ലിൻവുഡിലെ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പുണ്ടായത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ വഴി കൂട്ടക്കുരുതി ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും വലിയ നടുക്കത്തോടെയാണ് ലോകം കണ്ടത്.

Most Popular