Monday, April 19, 2021
Home News Kerala വിവാദങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരെ തുണക്കും?

വിവാദങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരെ തുണക്കും?

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന് ആരവം ഉയര്‍ന്നുകഴിഞ്ഞു. ഇനിയുളള ഒരുമാസം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകെ തെരഞ്ഞെടുപ്പ് ചൂടിലാകും. ഡിസംബര്‍ 8, 10,14 തീയതികളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16-നായിരിക്കും വോട്ടെണ്ണല്‍.

സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് . 941 ഗ്രാമ പഞ്ചായത്ത്. 152 ബ്ലോക്ക് പഞ്ചായത്ത്. 14 ജില്ലാ പഞ്ചായത്ത്. 86 മുന്‍സിപ്പാലിറ്റികള്‍ 6 കോര്‍പ്പറേഷന്‍. ഇങ്ങനെ നീളുന്നു ആ പട്ടിക. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.

ആസന്നമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഒരുവര്‍ഷക്കാലം രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച ചില സംഭവങ്ങള്‍ പരിശോധിക്കാം . കൊവിഡ് പ്രതിരോധത്തില്‍ മുന്നേറവേ, കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറിന് കരാര്‍ നല്‍കിയതില്‍ തുടങ്ങുന്നു വിവാദങ്ങള്‍. ആ കരാറിന് ചുക്കാന്‍ പിടിച്ചത് ഇപ്പോള്‍ ഇ.ഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കര്‍. വിവാദമായപ്പോള്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ. ടി. സെക്രട്ടറി സ്ഥാനങ്ങളില്‍ തുടര്‍ന്നു. ഐ.ടി വകുപ്പില്‍ വിവാദ ഭൂതങ്ങള്‍ കുടം പൊട്ടിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു.
നയതന്ത്ര സ്വര്‍ണ്ണക്കടത്തിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിനുണ്ടായ വഴിവിട്ട ബന്ധം വിവാദത്തിന് തിരികൊളുത്തി. അതോടെ ശിവശങ്കറിന്റെ കസേര തെറിച്ചു. ഇപ്പോള്‍ എന്‍.ഐ.എയും കസ്റ്റംസും എന്‍ഫോഴ്‌സ്മെന്റും സി.ബി.ഐയും ഭരണസിരാകേന്ദ്രത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നു. സര്‍ക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് മിഷനിലും അഴിമതിയുടെ പുകമറ പരക്കുന്നു.

സോളാര്‍ വിവാദത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അദ്ദേഹത്തെ തിരിഞ്ഞുകുത്തുന്നു. പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധവുമായി കളത്തിലിറങ്ങി. ഖുര്‍ആന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടേയും ജലീലിന്റെയും രാജിക്കായി മുറവിളി ശക്തമായി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന് നിയമസഭയില്‍ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം ആക്രമണം കനപ്പിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ പ്രതിപക്ഷം സമരവീര്യം കൂട്ടി. വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതും സര്‍ക്കാരിനെ പിടിച്ചുലച്ചു. മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കുമെതിരെ രാജിയാവാശ്യവുമായി പ്രതിപക്ഷം റോഡിലിറങ്ങി. നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ സമരരംഗത്ത് ഇപ്പോഴും സജീവമാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഇ.ഡി അറസ്റ്റ് ചെയ്തതും വഴിത്തിരിവായി. കോടിയേരിയുടെ മക്കള്‍ എന്നും വിവാദങ്ങളുടെ കളിത്തോഴന്മാര്‍. ബിനീഷിന്റെ അറസ്റ്റ് വ്യക്തിപരമായ പ്രശ്‌നമായി അവഗണിക്കുകയാണ് സി.പി.എം. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഗുരുതരമായ കേസില്‍ പെട്ടതിനെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലഹരിക്കടത്തില്‍ പ്രതിയായ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന ഇ.ഡിയുടെ വെളിപ്പെടുത്തല്‍, സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും സി.പി.ഐ നേതൃത്വവും പിന്തുണച്ചതാണ് ഏക ആശ്വാസം.
മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കിയത് സംവരണരാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. പിന്നാക്കക്കാരുടെ സംവരണാനുകൂല്യത്തില്‍ ഒരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അവരുടെ ആനുകൂല്യങ്ങള്‍ കുറയുമെന്ന ആശങ്ക ശക്തമാണ്.

മുസ്ലിംലീഗ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നു. അത് കാരണം സാമ്പത്തിക സംവരണത്തെ തള്ളാനും കൊള്ളാനും വയ്യെന്ന നിലയിലാണ് യു. ഡി. എഫ്. തങ്ങളെ തുണയ്ക്കുന്ന മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങള്‍ വിട്ടുപോകുമോയെന്നും ആശങ്കയുണ്ട്. സീറോ മലബാര്‍സഭയും ഓര്‍ത്തഡോക്‌സ്, യാക്കോബായ നേതൃത്വങ്ങളും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തതാണ് ഇതിന് അടിസ്ഥാനം. കേരള കോണ്‍ഗ്രസ്- ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവും സാമ്പത്തിക സംവരണത്തീരുമാനവും ക്രൈസ്തവമേഖലയിലേക്ക് ഇടതുമുന്നണിക്ക് വഴിയൊരുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്‍.എസ്.എസ് സാമ്പത്തികസംവരണത്തെ പൂര്‍ണമായി സ്വാഗതം ചെയ്തിട്ടില്ല.

മുസ്ലിംലീഗ് എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും കെ.എം. ഷാജിയും എം.സി. കമറുദ്ദീനും ആരോപണനിഴലിലാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി ചോദ്യം ചെയ്തു. സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം. ഷാജിയും ഇ.ഡിയുടെ നോട്ടപ്പുള്ളിയാണ്. മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി കെ.പി.എ. മജീദുള്‍പ്പെടെ ചോദ്യം ചെയ്യലിന് വിധേയരായി. ജ്വല്ലറി തട്ടിപ്പില്‍ 25ഓളം കേസുകളില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ അറസ്റ്റിന്റെ നിഴലിലാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയെ വലയ്ക്കുന്നത് ഉള്‍പാര്‍ട്ടി കലഹം. കേന്ദ്ര ഏജന്‍സികള്‍ ഇടത്, വലത് മുന്നണികളിലേക്ക് നീളുമ്പോള്‍ നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തിന് തലവേദനയായത് മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രന്‍. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആശീര്‍വാദത്തോടെ കാര്യങ്ങള്‍ നീക്കുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ ശീതയുദ്ധത്തിലാണ് പി.കെ. കൃഷ്ണദാസിന്റെ മറുചേരി. ഇരുചേരികളിലുമില്ലാത്ത ശോഭ സുരേന്ദ്രന്റെ തുറന്നടിച്ച പ്രതികരണങ്ങള്‍ കൃഷ്ണദാസ് പക്ഷം ഉറ്രുനോക്കുന്നു. പ്രാദേശിക വിമതസ്വരങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്.
അതിനിടെ മൂന്ന് മുന്നണികളും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യം യുഡിഎഫിലേക്ക് വരാം.

ജനങ്ങള്‍ യു.ഡി.എഫിന് ഒപ്പമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. സ്വര്‍ണക്കടത്ത് കേസ് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അവസരവാദ സഖ്യമാണ് ഉണ്ടാക്കുന്നതെന്ന എല്‍ഡിഎഫ് ആരോപണത്തെ ചെന്നിത്തല നിഷേധിച്ചു. എല്‍ഡിഎഫ് പൂര്‍ണ തകര്‍ച്ചയിലാണെന്നും അതുകൊണ്ടാണ് ഇത്തരം ജല്പനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരുമായും കൂട്ടുകൂടുന്ന സമ്പ്രദായം എല്‍ഡിഎഫിനാണ് ഉളളത്. കെ.എം.മാണി സാറിനെതിരേ ഏറ്റവും കൂടുതല്‍ ആരോപണമുന്നയിച്ചുകൊണ്ടിരിക്കുന്നവരാണ് ഇപ്പോള്‍ അവരുമായി കൂട്ടുകൂടിയത്്. കേരള കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങള്‍ എല്ലാവരും ഇപ്പോള്‍ യു.ഡിഎഫിലാണെന്നും പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും ജനങ്ങളും അടിയുറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ കൂടുതല്‍ നേതാക്കള്‍ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിന് എതിരായി കേരളം വിധിയെഴുതാന്‍ പോവുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് തൂത്തുവാരി പോകുമെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടിയുമായു യാതൊരു രാഷ്ട്രീയ സഖ്യവുമില്ലെന്ന് പലപ്രാവശ്യം യുഡിഎഫ് വ്യക്തമാക്കിയതാണ് എല്‍.ഡി.എഫിന് ഇനിയും അതുപറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്റെ അവകാശവാദം. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചുകൊണ്ട്, കേരള വികസനം മുന്നില്‍ വെച്ചുകൊണ്ടുളള രാഷ്ട്രീയമത്സരമായിരിക്കും ഇടതുപക്ഷം സംഘടപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിക്കുമെന്നും നിലവിലുളള സീറ്റുകള്‍ ബി.ജെ.പിക്ക് നിലനിര്‍ത്താനാവില്ലെന്നും എല്‍ഡിഎഫ് പറയുന്നു

തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞാതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അവകാശപ്പെടുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ദേശീയ ജനാധിപത്യ സഖ്യവും ബി.ജെ.പിയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കും. ഏറ്റവും അനുകൂലമായ സാഹചര്യമാണ് ദേശീയ ജനാധിത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉളളത്. ഇടതുവലതു മുന്നണികള്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്തും അഴിമതിക്കേസുകളും കാരണം ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രബല മുന്നണികളുടെ കാര്യങ്ങള്‍ ഇങ്ങനെയാണ്. തദ്ദേശ പോരിന് കച്ചമുറുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡിപിഐ തുടങ്ങിയ ചെറുപാര്‍ട്ടികളും മത്സരരംഗത്തുണ്ട്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഇത്തരം ചെറുപാര്‍ട്ടികളുടെ സാന്നിധ്യം നിര്‍ണായകമാണ്.വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയുണ്ടാക്കിയത് എല്‍ഡിഎഫിന്റെ ജയസാധ്യതയെ സാരമായി ബാധിച്ചേക്കാം. എസ്.ഡി.പിഐ യുഡിഎഫുമായോ എല്‍ഡിഎഫുമായോ പരസ്യമായി ധാരണ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എങ്കിലും എസ് ഡി പി ഐ പരോക്ഷമായി യുഡിഎഫിനെ തന്നെ പിന്തുണക്കാനാണ് സാധ്യത. ഈ ചെറുപാര്‍ട്ടികളുടെ സാന്നിധ്യം ഭയക്കുന്നതുകൊണ്ട് തന്നെയാണ് ഇടതുപക്ഷം ഇവര്‍ക്കെതിരെ പരസ്യമായി തീവ്രവാദബന്ധമെന്ന ആരോപണവുമായി രംഗത്തു വരുന്നത്.

അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇനിയുളള ഒരുമാസക്കാലം സംസ്ഥാനത്തെമ്പാടും തെരഞ്ഞെടുപ്പ് ആവേശം മൂര്‍ദ്ധന്യാവസ്ഥയിലെത്തും.

Most Popular