തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ ലോകായുക്ത നിയമഭേദഗതി പ്രാബല്യത്തിൽ ആയി. ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാം.
ഭേദഗതി ഒപ്പിടാൻ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ഗവർണറെ മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടാണ് അനുനയിപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി ഗവർണറെ ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ലോകായുക്തക്ക് ഈ അധികാരമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ വിശദ പരിശോധനയിലും ഇക്കാര്യം ബോധ്യപ്പെട്ടെന്ന് ഗവർണറും വ്യക്തമാക്കിയിരുന്നു.