ബെംഗളൂരു: തമിഴ് നടൻ വിജയ് സേതുപതിയെ ബംഗളുരു വിമാനത്താവളത്തിൽ വച്ച് ആക്രമിച്ചത് മലയാളിയെന്ന സ്ഥിരീകരണം. ജോണ്സണ് എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. റിയാലിറ്റി ഷോയായ മാസ്റ്റർഷെഫ് തമിഴിന്റെ ഷൂട്ടിംഗിനായിട്ടായിരുന്നു വിജയ് സേതുപതി ബെംഗളൂരുവിൽ എത്തിയത്. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കുടുംബത്തേയും നടൻ സന്ദർശിച്ചിരന്നു. ഇത് കഴിഞ്ഞ് നടനും സുരക്ഷാ സംഘവും ബംഗളൂരു എയർപോർട്ടിലൂടെ നടന്ന് നീങ്ങുമ്പോൾ പുറകിൽ നിന്നും ജോൺസൺ ഓടിവന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നടനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ സംഘം ജോൺസണെ തടഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ പ്രചരിച്ചിരുന്നു. ജോൺസൺ ഓടി അടുക്കുന്നതും നടനൊപ്പം ഉള്ളയാളെ ഓടി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
ജോൺസൺ മദ്യപിച്ചാണ് എത്തിയതെന്ന് മനസിലാക്കിയ വിജയ് സേതുപതി ജോൺസന്റെ സെല്‍ഫിയെടുക്കാനുള്ള ആവശ്യം നിരസിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് കരുതപ്പെടുന്നത് . നടന്റെ സഹായി അദ്ദേഹത്തെ തള്ളി മാറ്റുകയും ചെയ്തു. ഇതോടെ വിജയിയുടെ പിഎയെ ആക്രമിക്കാൻ ആണ് ജോൺസൺ പാഞ്ഞടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം അക്രമണത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്നതിന് പിന്നാലെ ജോണ്സണ് വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബെംഗളൂരു പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.