യു.കെയിൽ പനി ബാധിച്ച് മരിച്ച മലയാളി ബാലന്റെ സംസ്കാരം മാർച്ച് എട്ടിന്

ലണ്ടന്‍: യു.കെയിലെ പ്രസ്റ്റണില്‍ പനി ബാധിച്ച് മരിച്ച രണ്ട് വയസുകാരനായ മലയാളി ബാലന്റെ സംസ്‍കാര ചടങ്ങുകള്‍ മാര്‍ച്ച് എട്ട് ബുധനാഴ്ച നടക്കും. പത്തനംതിട്ട സ്വദേശി ജോജിയുടെയും കൊല്ലം സ്വദേശിനി സിനിയുടെയും ഏക മകനായ ജോനാഥന്‍ ഞായറാഴ്ചയാണ് മരണപ്പെട്ടത്.

പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജോനാഥന്‍ പ്രസ്റ്റണ്‍ ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്‍ചയായി ലിവര്‍പൂളിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

മരിച്ച ജോനാഥന്റെ പിതാവ് ജോജിയുടെ സ്വദേശം പത്തനംതിട്ടയില്‍ ആണെങ്കിലും പഠിച്ചതും വളര്‍ന്നും ഭോപ്പാലിലായിരുന്നു. ജോജിയും ഭാര്യ സിനിയും മൂന്ന് വര്‍ഷം മുമ്പാണ് യു.കെയില്‍ എത്തിയത്. മാര്‍ച്ച് എട്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം ബോള്‍ട്ടണ്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‍കരിക്കും.