ബംഗളുരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ചു; ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു: ബംഗളുരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ബിഎച്ച് ലേ ഔട്ടിൽ നിന്നും സുഹൃത്തിനെ കാണാനായി, ഇലക്ട്രോണിക് സിറ്റിയിലേയ്ക്ക് പോകാനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. രാത്രിയുടെ അവസരം മുതലാക്കി, ബൈക്ക് ടാക്‌സി ഡ്രൈവർ അറാഫത്ത്, ഇയാളുടെ പെൺസുഹൃത്തിന്റെ വീട്ടിലേയ്ക്ക് യുവതിയെ എത്തിച്ചു. കൂട്ടുപ്രതിയും മൊബൈൽ മെക്കാനിക്കുമായ ഷഹാബുദ്ദീനെ അവിടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

ശനിയാഴ്ച രാവിലെ, വിവരങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ, യുവതിയെ കാണാത്തതിനാൽ തിരഞ്ഞിറങ്ങിയ സുഹൃത്തുക്കളാണ് അവശ നിലയിൽ ഇവരെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇലക്ട്രോണിക് സിറ്റി പൊലിസിൽ പരാതി നൽകി. ഓൺലൈനിൽ ടാക്‌സി ബുക്ക് ചെയ്ത വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അറാഫത്തിനെയും ഷഹാബുദ്ദീനെയും പിടികൂടിയത്. ഇവർക്ക് സഹായം ചെയ്ത ഇലക്ട്രോണിക് സിറ്റിയിലെ യുവതിയെയും പൊലിസ് അറസ്റ്റു ചെയ്തു.