കാസര്‍കോട്ട് പട്ടാപകല്‍ ആള്‍ക്കുട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

murder

കാസര്‍കോട്: പട്ടാപകല്‍ ആള്‍ക്കുട്ടത്തിന്റെ അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് – അരമന ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു.
ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപിനടുത്തെ മെഡികല്‍ സറ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ് – അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബൈക്കില്‍ പോകുകയായിരുന്ന രണ്ട് പൊലീസുകള്‍ റഫീഖിനെ മര്‍ദ്ദിക്കുന്നത് കണ്ടെങ്കിലും എന്താണ് പ്രശ്‌നം എന്ന് അന്വേഷിക്കാതെയും ബൈക് നിര്‍ത്താതെയും പോകുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുകയാണ് ചെയ്തത്.

കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമിസ്ഥലത്തെ കണ്ടെത്താന്‍ സി സി ടി വിയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.