കൊച്ചി: മാനസ കൊലക്കേസിൽ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്.
രാഖിലിന്റെ സുഹൃത്ത് വഴിയാണ് പൊലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രാഖില്‍ രഘൂത്തമന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടില്‍ രാഖില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് വീട്ടില്‍ എത്തിയ ഇയാളുമായി മാനസ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകള്‍നിലയില്‍ വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോള്‍ ചോരയില്‍ക്കുളിച്ചു കിടക്കുന്ന നിലയില്‍ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.