ആന്റണി ഒന്നുമില്ലായ്മയില്‍നിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്, ‘പടം തിയറ്ററില്‍ മതി’ എന്ന എന്റെയോ മോഹന്‍ലാലിന്റെയോ ഒരു വാക്കു മതി; പ്രിയദർശൻ

മരക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യണോ അതോ ഓ ടി ടി പ്ലാറ്റഫോമിനെ ആശ്രയിക്കണോ എന്ന വിഷയത്തിൽ ഇടഞ്ഞു നിൽക്കുകയാണ് ആന്റണി പെരുമ്പാവൂരും തിയേറ്റർ ഉടമകളും. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മരക്കാര്‍ സിനിമയുടെ റിലീസ് വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ കൈവിടാന്‍ താനും മോഹന്‍ലാലും ഒരിക്കലും ഒരുക്കമല്ല.

ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ് ആന്റണി. അതുകൊണ്ട് അദ്ദേഹത്തെ പഴയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ തനിക്ക് സാധിക്കില്ല. ആന്റണി ഒന്നുമില്ലായ്മയില്‍നിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. ‘മരക്കാര്‍’ എടുക്കുമ്പോള്‍ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണ്. എന്നെയും ലാലിനെയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹന്‍ലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടുമ്പോള്‍ എടുക്കാമെന്നാണു പറഞ്ഞത്.

രണ്ടു വര്‍ഷമായി പലിശയും കൂട്ടുപലിശയും നല്‍കി ഒരക്ഷരം പറയാതെയിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്കു തള്ളിയിടാന്‍ ‘പടം തിയറ്ററില്‍ മതി’ എന്ന എന്റെയോ മോഹന്‍ലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളതു ചെയ്യില്ല. പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. ഇതു വലിയ സ്‌ക്രീനില്‍ കാണാന്‍ പറ്റാത്തതില്‍ എനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാര്‍ക്കുമുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ ഒത്തുതീർപ്പാവാത്തതിനെത്തുടർന്ന് മരക്കാർ ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് തീരുമാനം.