ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിയെട്ടാമത് വാര്‍ഷിക ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു. 1947-ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
’28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു ഡിസംബര്‍ 6-ന്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947-ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാന്‍ ഇതിനെ കണക്കാക്കുന്നത്,’ കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിന്നീട് സുപ്രീം കോടതി വെറുതെ വിടുകയായിരുന്നു.