വിമാന യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

ന്യൂഡൽഹി: രാജ്യത്ത് വിമാന യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ). കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കണമെന്നും വിമാന കമ്പനികള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഡി ജി സി എ വ്യക്തമാക്കി.

മാസ്ക് നിര്ബന്ധമാക്കിയതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള വിമാനങ്ങളില്‍ റാന്‍ഡം പരിശോധനകള്‍ നടത്തുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരില്‍ ആരെങ്കിലും തയ്യാറായില്ലെങ്കില്‍ വിമാന കമ്പനികള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.