Friday, May 7, 2021
Home News Kerala സിബിഐ അന്വേഷണത്തിന്റെ ഭാഗമായി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു

സിബിഐ അന്വേഷണത്തിന്റെ ഭാഗമായി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകർ കസ്റ്റഡിയിലെടുത്ത് ശേഷം മരിച്ച പി പി മത്തായി (41)യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു. സിബിഐ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റുമോർട്ടത്തിനു മുന്നോടിയായി നടന്ന ഇൻക്വസ്റ്റിൽ നേരത്തെ രേഖപ്പെടുത്താതിരുന്ന ഏഴ് പുതിയ മുറിവുകൾ കൂടി കണ്ടെത്തി. കാൽമുട്ടിലെ ഒടിവും ചതവും ഉൾപ്പെടെയുള്ളതാണ് മുറിവുകൾ. ഇടത് കൈമുട്ടിന് താഴെ പൊട്ടലുണ്ട്. തലയിലും മുറിവുകളുണ്ട്.

അസ്വാഭാവിക മരണം ആരോപിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഒരു തവണ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം മറവു ചെയ്യാതെ കഴിഞ്ഞ 38 ദിവസമായി റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയായിരുന്നു. ഇന്നലെ രാവിലെയാണ് വീണ്ടും പുറത്തെടുത്തത്. ബന്ധുക്കളിൽ നിന്ന് സിബിഐ സംഘം മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. 10.45ന് ജനറൽ ആശുപത്രിയിൽ പത്തനംതിട്ട എഡിഎം അലക്‌സ് പി തോമസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് ആരംഭിച്ചു.

മത്തായിയുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ, അഭിഭാഷകൻ എന്നിവരെയും പങ്കെടുപ്പിച്ചാണ് ഇൻക്വസ്റ്റ് നടത്തിയത്. രണ്ട് മണിക്കൂറിലധികം നീണ്ട ഇൻക്വസ്റ്റിനു ശേഷം ഉച്ചക്ക് 1.30ന് പോസ്റ്റുമോർട്ടം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇവർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം കണ്ടെത്തിയ ചിറ്റാർ കുടപ്പനക്കുളത്തെ കിണർ സിബിഐ ഉദ്യോഗസ്ഥരും പോസ്റ്റുമോർട്ടത്തിനു നേതൃത്വം വഹിച്ച സർജന്മാരും സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെ സ്ഥലത്തെത്തിയ സംഘം ബന്ധുക്കളുമായും സംസാരിച്ചു.

Most Popular