Tuesday, September 27, 2022
HomeNewsKeralaമിസ് കേരള അടക്കം മൂന്നുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം; നിർണായക വെളിപ്പെടുത്തലുമായി കാർ ഡ്രൈവർ

മിസ് കേരള അടക്കം മൂന്നുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം; നിർണായക വെളിപ്പെടുത്തലുമായി കാർ ഡ്രൈവർ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവം കൂടുതൽ വഴിത്തിരിവുകളിലേക്ക്. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കാർ ഡ്രൈവർ അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അപകടത്തിൽപെട്ട വാഹനത്തിന് പിന്നാലെ ഓഡി കാർ പായുന്ന സി സി ടി വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ഈ ചേസിങാണ്‌ അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് നിഗമനത്തിനു ആക്കം കൂട്ടുന്നതാണ് ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. ഇരു സംഘങ്ങളും തമ്മിൽ മത്സരയോട്ടം നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്.

മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്‍റെ മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.

കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സിസിടി വി പരിശോധനയില്‍ തേവര ഭാഗത്ത് ഓഡി കാര്‍, അപകടം സംഭവിച്ച കാറിന് പിറകെ പായുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അതേസമയം ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണോ റഹ്മാന്‍ കാര്‍ ചേസിന്‍റെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.

 

Most Popular