നരബലി കേസ് :മിസ്സിങ് കേസിലെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ്. ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്‌ലിയെയും കാണാതായതായി കണ്ടെത്തിയത്.

അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് രണ്ട് സ്ത്രീകളെയും വശത്താക്കിയത്.10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്‌ലിയെ ഏജന്റ് കബളിപ്പിച്ച്‌ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു.

തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് പ്രതികരിച്ചു.

‘ലൈലയാണ് റോസ്‌ലിയുടെ ശരീരത്തില്‍ ആദ്യം മുറിവുകള്‍ ഉണ്ടാക്കിയത്. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച്‌ കുത്തി. ആ രക്തം വീട്ടില്‍ തളിച്ചു. ഇതിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചത്’, പൊലീസ് പറഞ്ഞു.രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം വരിക എന്ന ഉദ്യേശത്തിലാണ് ബലി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

49 കാരിയായ റോസ്ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യു.പിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52 വയസുകാരിയായ പത്മ. ഇവര്‍ കടവന്ത്ര എളംകുളത്തായിരുന്നു താമസം. ഇവരെ കാണാതിരുന്നതോടെ സഹോദരി പളനിയമ്മ കടവന്ത്ര സ്റ്റേഷനില്‍ പരാതി നല്‍കി. പത്മയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് ഷാഫിയെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ അന്വേഷണം ഇലന്തൂരിലേക്ക് എത്തുകയായിരുന്നു.