Monday, July 26, 2021
Home News Kerala കേരളത്തിൽ കാലവർഷം വീണ്ടും ശക്തിയാർജിച്ചു; പലയിടത്തും വെള്ളക്കെട്ട്

കേരളത്തിൽ കാലവർഷം വീണ്ടും ശക്തിയാർജിച്ചു; പലയിടത്തും വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിയാർജിച്ചു. പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ മുന്നറിയിപ്പിുള്ളത്. മഴക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മണക്കാട്, അമ്പലത്തറ എന്നിവിടങ്ങളിൽ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. വീടുകളിലേക്കും വെള്ളം കയറി.

കനത്ത മഴക്കൊപ്പം കടലാക്രമണവും രൂക്ഷമാണ്. കേരള തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാകാനുള്ള സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  1. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
  2. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  3. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണമായി സഹകരിക്കേണ്ടതാണ്.
  4. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  5. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  6. ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലേർട്ടുകളെ മനസ്സിലാക്കേണ്ടതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.
  7. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലേർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

Most Popular