കോട്ടയം: ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് നിലവില്‍ ആറ് പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നേരിട്ട് എത്തുന്നതിന് പുറമേ ഫോണ്‍ വഴിയും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയെത്തുന്നുണ്ട്. യാത്രയ്‌ക്കിടെ മലപ്പുറം കുഴിമന്തി കഴിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബംഗളൂരുവില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശികള്‍ ഫോണ്‍ വഴിയാണ് പരാതി അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ 29 പേര്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹോട്ടലിനെതിരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറുമാസം മുന്‍പ് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇടപെട്ടതും അനുമതി നല്‍കിയതും പ്രദേശത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നഴ്‌സ് രശ്മി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഹോട്ടലിനെതിരെയുള്ള പരാതികള്‍ പുറത്ത് വന്നത്. മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂര്‍ണ പരാജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ അക്രെഡിറ്റേഷനുള്ള എത്ര മൈക്രോ ബയോളജി ലാബുകളാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രശ്മിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം അനുവദിക്കുന്ന കോടിക്കണക്കിന് തുക കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.