Saturday, July 24, 2021
Home News Kerala എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ പരാതികൾ

എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ പരാതികൾ

മഞ്ചേശ്വരം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎക്കെതിരേ കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തു. 14 കേസുകളാണ് പുതുതായി ചേർത്തിരിക്കുന്നത്. ഇതുൾപ്പെടെ ചന്തേര പോലീസിൽ മാത്രം 26 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ മാത്രമായി 2 കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്.

എന്നാൽ, കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദ്ദീൻ എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തി. ഇതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി.

എം സി കമറുദ്ദീനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കാൻ ഇവർ നേരിട്ട് മലപ്പുറത്തെത്തുകയും ചെയ്തു. ഇതിന് പുറമേ എം സി കമറുദ്ദീന് വേണ്ടി മറുവിഭാഗവും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമറുദ്ദീനെ സ്ഥാനാർഥിയാക്കിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പാണക്കാട്ട് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ലീഗ് നേതൃത്വം എം സി കമറുദ്ദീനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എം സി കമറുദ്ദീൻ എംഎൽഎ ഉച്ചയ്ക്ക് പാണക്കാട്ടെത്തും.

Most Popular