ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തോട് അടുക്കുമ്പോൾ തുടർച്ചയായ രണ്ടാം ദിനവും വൈറസ് ബാധിതരായി കണ്ടെത്തിയത് മുക്കാൽ ലക്ഷത്തിലധികം പേരെ. കഴിഞ്ഞ 24 മണിക്കുൂിനിടെ 77,266 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,057 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ 7,42,023 ആക്ടീവ് കേസുകൾ ഉൾപ്പെടെ 33,87,501 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ കണ്ടെത്തിയത്. 61,529 പേരാണ് ഇതുവരെ രോഗബാധമൂലം മരിച്ചത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,177 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നു. ഇത് വരെ 25,83,948 പേർ രോഗമുക്തി നേടി. ഇപ്പോൾ രാജ്യത്തെ രോഗമുക്തി നിരക്ക് 76.28 ശതമാനമാണ്.
അതേസമയം, രാജ്യത്ത് രോഗബാധിതരാവുന്നവരേക്കാൾ രോഗമുക്തരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്നാണ് ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ അഞ്ച് മാസത്തെ കണക്കുകൾ നിരത്തിയാണ് അധികൃതർ ഈ വാദം ഉന്നയിക്കുന്നത്. രോഗമുക്തരാവുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തെ കോവിഡ് ബാധിതരുടെ കണക്ക് ആശങ്കയുണർത്തുന്നതാണ്.