പാലക്കാട്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ദിവ്യയെ കൈത്തണ്ട മുറിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് മക്കളെ മയങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് മക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തും മുൻപേ കുഞ്ഞുങ്ങൾ മരിച്ചിരുന്നു.
അതിനിടെ, ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നാണ് സൂചന. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി ദിവ്യയുടെ ഭർത്താവിൽനിന്ന് വിവരം ശേഖരിച്ചു.