Saturday, July 24, 2021
Home News Kerala ഇടുക്കിയിൽ നവജാതശിശുവിനെ കൊന്നത് മാതാവ് തന്നെ; പറഞ്ഞതെല്ലാം നുണകൾ

ഇടുക്കിയിൽ നവജാതശിശുവിനെ കൊന്നത് മാതാവ് തന്നെ; പറഞ്ഞതെല്ലാം നുണകൾ

കട്ടപ്പന: ബാങ്ക് ജീവനക്കാരിയായ അവിവാഹിതയായ യുവതി സ്വകാര്യ ഹോസ്റ്റലിൽ പ്രസവിച്ച കുഞ്ഞിന്റെ മരണം കൊലപാതകമാണെന്നും, മാതാവ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഗർഭിണിയാണെന്നറിയിക്കാതെ സഹോദരിക്കൊപ്പം ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. വീട്ടുകോരോ കൂടെ താമസിക്കുന്ന സഹോദരിയോ ഇവർ ഗർഭണിയാണെന്നറിഞ്ഞിരുന്നില്ല.

ഗർഭാവസ്ഥ മറച്ചു വെച്ച് ബാങ്കിൽ കൃത്യമായി ജോലിക്കും ഹാജരായിരുന്നു. വയറുവേദനക്ക് മരുന്നു വാങ്ങി വരാൻ പുറത്തയച്ച സഹോദരി മടങ്ങി വന്നപ്പോഴേക്കും പ്രസവവും കുഞ്ഞിന്റെ മരണവും നടന്നു കഴിഞ്ഞിരുന്നു. പ്രസവത്തോടെ കുഞ്ഞ് മരിച്ചു പോയെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. തുടർന്ന് യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അന്നു തന്നെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ട റിപ്പോർട്ട് പ്രകാരം കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞു. തലക്കുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്തയുടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Most Popular