ചെന്നൈ: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പൊളിച്ചുകളയണമെന്ന നടന്റെ പ്രസ്താവനയ്ക്കെതിരെയാണ് തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നത്. പൃഥ്വിരാജിന്റെ കോലം കത്തിക്കുകയും ഇനി മലയാളത്തിലെ അഭിനേതാക്കളെ തമിഴ് സിനിമയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്താണ് പ്രതിഷേധം വ്യപകമാക്കുന്നത്. സുപ്രീംകോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണകൾ പടർത്തുന്ന പ്രസ്താവനകളാണ് നടന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകർ പറഞ്ഞു. ട്വിറ്ററിലും താരത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്.