തെറ്റായ വിവരങ്ങൾ നൽകി; ബൈജൂസ് ആപ്പിനെതിരെ മുംബൈ പോലീസ് കേസെടുത്തു

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനെതിരെ കേസെടുത്ത് മുംബൈ പോലീസ് . ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെയാണ് കേസെടുത്തത്. യുപിഎസ് സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ക്രിമിനല്‍ ഗൂഡാലോചനയ്ക്കും വിവര സാങ്കേതിക നിയമത്തിലെ 69 (എ) വകുപ്പ് പ്രകാരവുമാണ് കേസ്.

ക്രൈംഫോബിയ എന്ന ക്രിമിനോളജി സ്ഥാപനമാണ് യുപിഎസ് സി പാഠ്യപദ്ധതിയില്‍ ബൈജൂസ് ആപ്പ് തെറ്റായ വിവരം ഉള്‍പ്പെടുത്തിയെന്ന പേരില്‍ പരാതി നല്‍കിയത്. ഇന്ത്യയിലെ സിബിഐ, യുണൈറ്റഡ് നേഷന്‍സ് ട്രാന്‍സ്‌നേഷണല്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ( യുഎന്‍ടിഒസി) നോഡല്‍ ഏജന്‍സിയാണെന്ന് ബൈജൂസ് തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതു ശരിയല്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ പാഠ്യപദ്ധതി കണ്ട് തെറ്റായ വിവരങ്ങള്‍ മാറ്റണെമെന്നാവശ്യപ്പെട്ട് ബൈജൂസിനെ സമീപിച്ചിരുന്നതായി ക്രൈംഫോബിയ സ്ഥാപകന്‍ പറയുന്നു. എന്നാല്‍ സിബിഐ നോഡല്‍ ഏജന്‍സിയാണെന്നു കാണിച്ച് ബൈജൂസ് ചില രേഖകള്‍ അയച്ചു നല്‍കി. അതിലെ തീയതി 2012 ആയിരുന്നു.

തങ്ങള്‍ യുഎന്‍ടിഒസിയെ സമീപിച്ചെങ്കിലും സിബിഐ നോഡല്‍ ഏജന്‍സിയല്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. 2016ല്‍ സിബിഐ തന്നെ തങ്ങള്‍ യുഎന്‍ടിഒസിയുടെ നോഡല്‍ ഏജന്‍സി അല്ലെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുന്നതില്‍ ബൈജൂസിനെതിരെ ക്രൈംഫോബിയ പരാതി നല്‍കിയത്.