ഗുഹാവത്തി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി) അടിസ്ഥാനപരമായി തെറ്റാണെന്നും 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം സുപ്രീംകോടതി അനുമതി നല്കിയാല് പുതിയ നിയമം കൊണ്ടുവരുമെന്നും അസം ധനകാര്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച എന്‍ആര്‍സി ഡ്രാഫ്റ്റില്‍ ഉള്‍പ്പെട്ട 10-20 ശതമാനത്തോള്ളം പുനപരിശോധനയ്ക്കായി മുന്‍കൈ തേടികൊണ്ട് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരമര്‍ശം.
‘ആധുനിക മുഗളന്മാര്’ അസാമിലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പ്രവേശിച്ചുവെന്നും അവരെ തടയാന്‍ ഒരു നീണ്ട രാഷ്ട്രീയ പോരാട്ടം ആവശ്യമാണെന്നും ശര്‍മ്മ പറഞ്ഞു. അവരെ അസമില്‍ നിന്ന് നീക്കം ചെയ്യാനുള്ള പോരാട്ടം നീണ്ടുനില്‍ക്കും… നമുക്ക് ഇനിയും അഞ്ച് വര്‍ഷത്തേക്ക് യുദ്ധം ചെയ്യാന്‍ കഴിയുമെങ്കില്‍ അവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ മുന്‍ എന്‍.ആര്.സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയാണ് തെറ്റായി എന്‍.ആര്.സി തയ്യാറാക്കിയതിന് പിന്നിലെന്ന് ശര്‍മ ആരോപിച്ചു. എന്‍.ആര്.സിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേരുകള്‍ വീണ്ടും പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യം അസമില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
2019 ജൂലൈയില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 20% പേരും മറ്റ് ജില്ലകളിലെ 10% പേരുകളും വീണ്ടും പരിശോധിക്കണമെന്ന് അസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമ്പൂര്‍ണ്ണ കരട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി 27% പേരുകളും ഇതിനകം വീണ്ടും പരിശോധിച്ചുറപ്പിച്ചതായി ഹജേല കോടതിയെ അറിയിച്ചതിനാല്‍ കോടതി ഹര്‍ജി സ്വീകരിച്ചില്ല.