ഉപഭോക്താക്കളുടെ കഴുത്തറുക്കാന്‍ മൊബൈല്‍ കമ്പനികള്‍; നാളെ മുതല്‍ നിരക്ക് കുത്തനെ ഉയരും

Airtel-Vodafone-Idea

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടി. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ജിയോ എന്നീ മുന്‍നിര ടെലികോം കമ്പനികളാണു നിരക്കു വര്‍ധന പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനം വരെയാണ് നിരക്ക് വര്‍ധന. ദീര്‍ഘ കാല വാലിഡിറ്റിക്കുള്ള തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. നഷ്ടക്കണക്ക് നിരത്തിയാണ് നിരക്കു വര്‍ധന.

പ്രതിദിന നിരക്കുകളില്‍ എയര്‍ടെല്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധിപ്പിച്ചു. ഇതോടൊപ്പം പുതുക്കിയ കോള്‍, ഡാറ്റ ഓഫറുകളും ഉണ്ട്. രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെയാണ് പുതുക്കിയ അണ്‍ലിമിറ്റഡ് പ്ലാനുകളുടെ കാലാവധി. എയര്‍ടെലിന്റേയും വോഡഫോണ്‍-ഐഡിയയുടേയും ഉപഭോക്താക്കള്‍ക്ക് ഇനി കണക്ഷന്‍ നിലനിര്‍ത്തണമെങ്കില്‍ ചുരുങ്ങിയത് ഒരു മാസത്തേക്ക് 49 രൂപ മുടക്കേണ്ടി വരും.

മറ്റു കമ്പനികളുടെ നമ്പറിലേക്കുള്ള സൗജന്യ കോളുകളും വെട്ടിച്ചുരുക്കി. 28 ദിവസത്തെ പ്ലാന്‍ ആണെങ്കില്‍ 1000 മിനിറ്റുകളും 84 ദിവസ പ്ലാന്‍ ആണെങ്കില്‍ 3000 മിനിറ്റും 365 ദിവസ പ്ലാന്‍ ആണെങ്കില്‍ 12,000 മിനിറ്റുമാണ് എയര്‍ടെലില്‍ നിന്നു മറ്റു കമ്പനികളുടെ നമ്പറുകളിലേക്കുള്ള പുതുക്കിയ സൗജന്യ കോളുകള്‍. എയര്‍ടെലും സമാന പ്ലാന്‍ നല്‍കുന്നു. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 1,699 രൂപയില്‍ നിന്നു 2,398 രൂപയാക്കി ഉയര്‍ത്തി. 1.5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 84 ദിവസ പ്ലാന്‍ 458 രൂപയില്‍ നിന്ന് 598 രൂപയാക്കി ഉയര്‍ത്തി. 1.5 ജിബി പ്രതിദിന ഡാറ്റ നല്‍കുന്ന 199 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ 248 രൂപയുമാക്കി. വോഡഫോണ്‍-ഐഡിയയും സമാന മാറ്റം വരുത്തിയിട്ടുണ്ട്.

ജിയോയുടെ പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ ആറു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു. കോള്‍, ഡാറ്റ നിരക്കുകള്‍ 40 ശതമാനമാണ് ജിയോ വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ ഓഫറുകള്‍ പ്രകാരം 300 ശതമാനം വരെ കൂടുല്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ജിയോ വാഗ്ദാനം ചെയ്യുന്നു.