ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ ദിവസവും ശരാശരി 15 ഇന്ത്യക്കാര്‍ മരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റയ്ന് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 33,988 ഇന്ത്യക്കാരാണ് മരിച്ചത്. ഈ വര്‍ഷം മാത്രം 4823 പേര് മരിച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് സൗദിയിലാണ്. 2019ല്‍ മാത്രം സൗദിയില്‍ 1920 ഇന്ത്യക്കാരാണു മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള യുഎഇയില്‍ 1451 പേര് മരിച്ചു. കുവൈത്ത് 584, ഒമാന്‍ 402, ഖത്തര്‍ 286, ബഹ്റയ്ന് 180 എന്നിങ്ങനെയാണ് ബാക്കിയുള്ള മരണങ്ങള്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരിച്ചത് 2018ലാണ്. 6014 പേര്.
ഈ വര്‍ഷം ഒക്ടോബര്‍ വരെ 15,051 പരാതികളാണ് പ്രവാസികളില്‍ നിന്ന് ലഭിച്ചതെന്നും ഇവയില്‍ വലിയൊരു ശതമാനവും ജോലി തട്ടിപ്പ്, ഏജന്റുമാരുടെ ചതി എന്നിവ സംബന്ധിച്ചായിരുന്നെന്നും മന്ത്രാലയം പറയുന്നു. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചതും ശമ്പളം നല്‍കാത്തതും സംബന്ധിച്ച് ഏറെ പരാതികള്‍ ലഭിച്ചതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലോക്സഭയില്‍ അറിയിച്ചു.