മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഡിസംബര്‍ 1ന്

മുംബൈ: ബിജെപിയുടെ രാഷ്ട്രീയക്കളികള്‍ പൊളിഞ്ഞതിനൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി മുന്നണി അധികാരത്തിലേക്ക്.
ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ സത്യപ്രതിജ്ഞ നടത്താന്‍ ട്രിഡന്റ് ഹോട്ടലില്‍ ചേര്‍ന്ന ത്രികക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ബാലാസാഹേബ് തോറാട്ടും ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരാകും. തിരികെ എത്തുന്ന അജിത് പവാറിനെ കാത്തിരിക്കുന്നത് നിര്‍ണായക പദവിയാണെന്നും സൂചനയുണ്ട്.

മുബൈയിലെ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷപ്രകടനം നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉദ്ധവ് താക്കറെ യോഗത്തില്‍ നന്ദി പറഞ്ഞു. ഇന്ന് നടന്നത് യഥാര്‍ത്ഥ ജനാധിപത്യമാണെന്ന് പറഞ്ഞ താക്കറെ ഒരുമിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന് പ്രഖ്യാപിച്ചു.

എന്‍സിപി പിളര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച അജിത്ത് പവാറിനെ എന്‍സിപി സ്വീകരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്ത് പവാറിനെ ത്രികക്ഷി സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രിസഭയില്‍ ചേര്‍ക്കുമെന്നും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കിയതായി സൂചന.

മഹാരാഷ്ട്ര സഹകരണബാങ്ക് തട്ടിപ്പ്, വിഭര്‍ഭ ജലസേചന പദ്ധതി കുംഭകോണം എന്നിവയുമായി ബന്ധപ്പെട്ട് സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളുടെ അന്വേഷണം അജിത്ത് പവാര്‍ നേരിടുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ രാത്രി വരെ പങ്കെടുത്ത അജിത്ത് പവാര്‍ അടുത്ത ദിവസം രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റെടുക്കുകയാണ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കക്ഷികള്‍ തങ്ങളുടെ 162 എംഎല്‍എമാരെ അണിനിരത്തി ഹോട്ടല്‍ മാരിയറ്റില്‍ നടത്തിയ പരേഡോടെ അജിത്ത് പവാറിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരുന്നു. 35 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് അജിത്ത് പവാറിനൊപ്പമുള്ളവര്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ശിവസേനയും ശരത് പവാറും ഒരുമിച്ച് രംഗത്ത് ഇറങ്ങിയതോടെ 33 എംഎല്‍എമാരും തിരികെ ത്രികക്ഷി ക്യാംപിലെത്തി. ഇതോടെയാണ് ബിജെപിയുടെ അട്ടിമറി നീക്കം പൊളിഞ്ഞത്.