ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 40 ലക്ഷമായേക്കാം ; ന്യൂയോര്‍ക്ക് ടൈംസ്

ഇന്ത്യയിൽ കോവിഡ് ബാധിതരായി മരിക്കുന്നവരുടെ നിരക്ക് ഔദ്യോഗീക കണക്കുകളേക്കാൾ വളരെ ഉയർന്നതാണെന്ന റിപ്പോർട്ടുമായി ന്യൂയോർക് ടൈംസ്. എല്ലാ സംസ്ഥാനങ്ങളും കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വൈറസ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ എണ്ണം കുറച്ചുകാണിക്കുന്നതായും റിപോര്‍ട്ടില്‍ ആരോപിക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ന്യൂയോര്‍ക്ക് ടൈംസ് ആണ് പുതിയ റിപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 2.7 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചതായും മൂന്നു ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടതായുമാണ് രേഖകള്‍ പറയുന്നത് . രേഖകള്‍ സൂക്ഷിക്കുന്നതിലെ പിഴവ്, വ്യാപക പരിശോധനയുടെ അഭാവം, മഹാമാരിയുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിലെ പരാജയം എന്നിവയെയും പത്രം കുറ്റപ്പെടുത്തുന്നുണ്ട്. ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്ബ്, വിപുലമായ ഗവേഷണം നടത്തുകയും കേസുകളുടെയും മരണങ്ങളുടെയും എണ്ണം വിശകലനം ചെയ്യാന്‍ വിദഗ്ധരുമായി സംസാരിക്കുകയും ചെയ്തതായും ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെട്ടു.

കേസുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 15 മടങ്ങ് കൂടുതലാണെന്നും മരണ നിരക്ക് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണെന്നും പറയുന്നുണ്ട്. 70 കോടി ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുണ്ടാകാം. മരണനിരക്ക് 14 മടങ്ങ് കൂടാനും 42 ലക്ഷം പേര്‍ വരെ മരണപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടിലെ പരാമര്‍ശം.