ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്.
രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചത്. 144 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, മുഴുവന്‍ മരണങ്ങളും ഓക്സിജന്‍ ദൗര്‍ലഭ്യം മൂലമല്ലെന്നാണ് ചാമരാജ് ജില്ലാ ചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാറിന്റെ അവകാശവാദം. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലും ഗുജറാത്തിലും ഉള്‍പ്പെടെ നിരവധി രോഗികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത്. കോവിഡിന്റെ രണ്ടാംതരംഗം കാര്യമായി എടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് ഓക്സിജന്‍ ക്ഷാമം ഇത്ര രൂക്ഷമാവാന്‍ കാരണമെന്നാണ് വിമര്‍ശനമുയരുന്നത്.
ALSO WATCH