Monday, October 25, 2021
HomeSpecialHealth Scanഇനി 24 ആഴ്ച്ച വരെ ഗര്‍ഭഛിദ്രം നടത്താം; നിയമഭേദഗതി നിലവില്‍ വന്നു

ഇനി 24 ആഴ്ച്ച വരെ ഗര്‍ഭഛിദ്രം നടത്താം; നിയമഭേദഗതി നിലവില്‍ വന്നു

ന്യൂഡല്‍ഹി: 24ാമത്തെ ആഴ്ച്ചവരെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു. രണ്ട് ഡോക്ടര്‍മാരുടെ അനുമതി പത്രമുണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായവര്‍ ഗര്‍ഭം ധരിച്ചാലും ഗര്‍ഭച്ഛിദ്രത്തിന് ഈ അനുമതി നല്‍കും.

ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ഇവരാണ് അന്തിമാനുമതി നല്‍കുക. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധര്‍, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍. ഇത്തരം ബോര്‍ഡുകള്‍ ഉടന്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് മതി. 20 മുതല്‍ 24 വരെ ആഴ്ചയായാല്‍ രണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണം. ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം നടത്താനും അനുമതി ലഭിക്കും.

നിലവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുണ്ടായിരുന്നു. 12 ആഴ്ച വരെ ഒരു ഡോക്ടറുടെയും 12 മുതല്‍ 20 ആഴ്ചവരെ രണ്ട് ഡോക്ടര്‍മാരുടെയും റിപ്പോര്‍ട്ടായിരുന്നു പരിഗണിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയത്.
ALSO WATCH

 

Most Popular