പൗരത്വ ബില്ലിനെതിരേ രാജ്യം മുഴുവന്‍ പ്രക്ഷോഭം; അടിച്ചമര്‍ത്താന്‍ പോലിസ്; വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു(Video)

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്താനുള്ള പോലിസ് ശ്രമത്തില്‍ ഇന്നു മൂന്നു പേര്‍ കൊല്ലപ്പെട്ടു. മംഗലാപുരത്ത് രണ്ടുപേരും യുപിയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

മംഗലാപുരത്ത് ജനക്കൂട്ടത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചത് റോയിട്ടേഴ്‌സാണ് ഇ്ക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. 20 പോലിസുകാര്‍ക്കു പരിക്കേറ്റതായും രണ്ടു സിവിലിയന്‍മാര്‍ ഗുരുതര നിലയില്‍ ഐസിയുവിലാണെന്നുമാണ് പോലിസ് പറയുന്നു. ജനങ്ങള്‍ നിരോധനാജ്ഞ ലംഘിച്ച് അക്രമം നടത്തിയതായും നേരിട്ട് വെടിവച്ചിട്ടില്ലെന്നുമാണ് പോലിസിന്റെ അവകാശവാദം.

ഇന്നു രാജ്യമൊട്ടാകെ ഒരേ സമയമാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എല്ലാ സര്‍ക്കാര്‍ വിലക്കുകളെയും വെല്ലുവിളിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

ലഖ്‌നോവിലെ പഴയ നഗരപ്രദേശത്ത് ജനങ്ങള്‍ പോലിസിനെതിരേ കല്ലേറ് നടത്തുകയും പോലിസ് ഔട്ട്‌പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.പരിവര്‍ത്തന്‍ ചൗക്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസന് സമീപത്ത് ജനം സര്‍ക്കാര്‍ ബസ് തകര്‍ത്തു. സത്കന്ത ഏരിയയിലും പോലിസ് പോസ്റ്റിനു നേരെ അക്രമം നടന്നു.

പല സ്ഥലത്തും മുഖംമൂടിയണിഞ്ഞെത്തിയവരാണ് കല്ലേറും തീവയ്പ്പും നടത്തിയത്. ഇത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയവരാണോ എന്ന കാര്യം വ്യക്തമല്ല.