യുപി തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്; വെറുപ്പിന്റെ രാഷ്ട്രീയത്തിന് അന്ത്യംകാണുമെന്ന് പ്രിയങ്ക

Priyanka gandhi

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍(uttar pradesh assembly election) 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികളെ(women candidates) മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്(congress) തീരുമാനം. യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പറഞ്ഞു.

”സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും, അവര്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണ്” പ്രിയങ്ക പത്രസമ്മേളനത്തില്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രിയങ്ക നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത പ്രിയങ്ക ബിജെപിക്കെതിരെ ആഞ്ഞടിച്ച്രു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്‌നോവില്‍ പ്രചാരണത്തില്‍ സജീവമാകാനാണ് പ്രിയങ്കയുടെ പദ്ധതി. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ALSO WATCH