Thursday, September 23, 2021
Home News National കോവിഡ് പ്രതിരോധത്തിന് 215 സ്‌റ്റേഷനുകളില്‍ 5231 ട്രെയിന്‍ കോച്ചുകള്‍; കേരളത്തില്‍ മൂന്ന് സ്‌റ്റേഷനുകള്‍

കോവിഡ് പ്രതിരോധത്തിന് 215 സ്‌റ്റേഷനുകളില്‍ 5231 ട്രെയിന്‍ കോച്ചുകള്‍; കേരളത്തില്‍ മൂന്ന് സ്‌റ്റേഷനുകള്‍

ന്യൂഡല്‍ഹി: 5231 റെയില്‍ കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കും. വിവിധ സംസ്ഥാനങ്ങളിലെ 215 സ്‌റ്റേഷനുകളിലായാണ് ഈ കോച്ചുകല്‍ വിന്യസിക്കുക. കേരളത്തില്‍ പാലക്കാട്, എറണാകുളം, ഷൊര്‍ണൂര്‍ സ്റ്റേഷനകളിലാണ് ഈ സൗകര്യം ഉണ്ടാവുക. പാലക്കാട് റെയില്‍വേയുടെ ഡോടര്‍മാര്‍ തന്നെ സേവനത്തിനുണ്ടാവും.

ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യം തികയാത്ത സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് ഈ കോച്ചുകള്‍. ആവശ്യമായ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുള്ള സ്റ്റേഷനില്‍, ഈ കോച്ചുകള്‍ ഉള്‍പ്പെടുന്ന ട്രെയിന്‍ സ്ഥാപിക്കുകയും ജില്ലാ കലക്ടര്‍ക്കോ അവര്‍ അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കോ കൈമാറുകയുമാണ് ചെയ്യുന്നത്. വെള്ളം, വൈദ്യുതി, അറ്റകുറ്റപ്പണികള്‍, ഭക്ഷണ വിതരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ചുമതല റെയില്‍വേ തന്നെ ഏറ്റെടുക്കും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് കെയര്‍ സെന്ററുകളില്‍ ചികിത്സിക്കാനാവുന്ന ഗുരുതരമല്ലാത്ത കേസുകള്‍ക്ക് ഈ കോച്ചുകള്‍ ഉപയോഗിക്കാനാകും. കോവിഡ് സംശയിക്കുന്നതും സ്ഥിരീകരിക്കപ്പെട്ടതുമായ കേസുകളില്‍ അവരെ ഐസലേഷനില്‍ പാര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ കോച്ചുകള്‍ ഉപയോഗിക്കാന്‍ കഴിയും. കോച്ചില്‍ പരിചരണത്തില്‍ കഴിയുന്നവര്‍ക്ക് രോഗം ഗുരുതരമായാല്‍ മാറ്റുന്നതിന് ആശുപത്രി സൗകര്യം നേരത്തേ സജ്ജീകരിച്ചിരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ 2500 ല്‍ അധികം ഡോക്ടര്‍മാരെയും 35,000 പാരാമെഡിക്കല്‍ ജീവനക്കാരെയും വിന്യസിക്കും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും വിവിധ സോണുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. 17 ആശുപത്രികളിലായി അയ്യായിരത്തോളം കിടക്കകളും റെയില്‍വേ ആശുപത്രികളിലെ 33 ബ്ലോക്കുകളും അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ ബംഗളൂരു ഉള്‍പ്പെടെ 13 സ്റ്റേഷനുകളിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ ഉണ്ടാവുക. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഡ്, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിലാണ് മറ്റ കോച്ചുകള്‍.

5,231 railway coaches to be used as Covid-19 isolation wards at 215 stations


 

Most Popular