പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊടും ഭീകരനായ ഒരു നുഴഞ്ഞുകയറ്റക്കാരന്‍..!

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം സാധാരണ സംഭവമാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും സൈന്യവുമായുള്ള ഏറ്റുമുട്ടലുകളും കാഷ്മീര്‍ ജനതയ്ക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വര്‍ഷങ്ങള്‍ക്കു മുമ്പേ സാധാരണ വാര്‍ത്ത മാത്രം.

എന്നാല്‍, കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍മണ്ണിലേക്കൊരു നുഴഞ്ഞുകയറ്റം നടന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നുഴഞ്ഞുകയറ്റമായിരുന്നു അത്. നുഴഞ്ഞുകയറ്റക്കാരനെ പോലീസും പട്ടാളവുമൊന്നും പിടികൂടിയില്ല. അവനുമായി ഏറ്റുമുട്ടാനും പോയില്ല. നുഴഞ്ഞുകയറ്റക്കാരന്‍ കൂള്‍…കൂളായി അതിര്‍ത്തിമേഖലകളില്‍ സ്വതന്ത്രവിഹാരത്തിനായി പോകുകയും ചെയ്തു.

മാര്‍ച്ച് 18 വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യന്‍മണ്ണിലേക്കുള്ള നുഴഞ്ഞുകയറ്റം നടന്നത്. അതിര്‍ത്തി രക്ഷാസേനയുടെ ക്യാമറയില്‍ നുഴഞ്ഞുകയറ്റം കൃത്യമായി പതിയുകയും ചെയ്തു. അവര്‍ കൗതുകപൂര്‍വം നുഴഞ്ഞുകയറ്റുകാരനെ നോക്കുക മാത്രം ചെയ്തു. അതേസമയം, നുഴഞ്ഞുകയറ്റക്കാരനെ ക്യാമറയില്‍ കണ്ടിട്ടും അവനെ പിടികൂടാത്തതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ആരും പ്രതിഷേധവുമുയര്‍ത്തിയില്ല.

അപ്പോള്‍ ആരായിരിക്കാം ആ നുഴഞ്ഞുകയറ്റക്കാരന്‍. ഭയങ്കരനായ നുഴഞ്ഞുകയറ്റക്കാരന്‍ മറ്റാരുമല്ല, ഒരു പുള്ളിപ്പുലി..! അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു പുള്ളിപ്പുലി പ്രവേശിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

40 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം കമന്റുകളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. ‘പുള്ളിപ്പുലി ശരിയായ രാജ്യം തെരഞ്ഞെടുത്തിരിക്കുന്നു’ , ‘ഇതു പോലുള്ള നുഴഞ്ഞുകയറ്റത്തെ സ്വാഗതം ചെയ്യുന്നു’ തുടങ്ങിയവയാണ് വീഡിയോയ്ക്കു ലഭിച്ച ജനപ്രിയ കമന്റുകള്‍.

എന്തായാലും ഇന്ത്യയിലേക്കു പ്രവേശിച്ച പുള്ളിപ്പുലിയെക്കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പുലി പ്രവേശിച്ച മേഖലകളില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്ക് പോലീസ് മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്.