മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും താരവുമായ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിക്കും ഐശ്വര്യയുടെ മകള്‍ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണള്ളതെന്നും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഐശ്വര്യയുടെയും മകളുടെയും ആന്റിജന്‍ പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബച്ചന് രോഗലക്ഷണങ്ങള്‍ കണ്ടിട്ട് അഞ്ചാം ദിവസമാണെന്നും ഇതുവരെ കുഴപ്പമില്ലെന്നും ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. അബ്ദുല്‍ സമദ് പറഞ്ഞു.