സുശാന്ത് സിങിന് യാത്രമൊഴി നല്‍കാന്‍ ആരാധകരുടെ തിരക്ക്; കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

Susanth-Singh-Rajput-funeral

മുംബൈ: ഇന്നലെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അഞ്ച് മണിയോടെ പിതാവ് കെ കെ സിങ്ങിന്റെയും സഹോദരിമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു. ലോക്ഡൗണിണ്‍ നിയന്ത്രണങ്ങളും കനത്ത മഴയും മറികടന്ന് നിരവധി ആരാധകര്‍ മുംബൈ വിലെ പാര്‍ലെയിലെ ശ്മശാനത്തിന് സമീപം തടിച്ചുകൂടിയിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുന്നെങ്കിലും ആത്മഹത്യയാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തുക്കളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. ഡോക്ടര്‍മാര്‍ നല്‍കിയ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യയാണെന്നു മുംബൈ പൊലീസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും മാതൃസഹോദരന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ആരോപിച്ചു.

സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന ഡോക്ടറുടെ മൊഴിയെടുത്ത പൊലീസ്, വിശദമായ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു. നടന്റെ അടുത്ത സുഹൃത്തായിരുന്ന നടി റിയ ചക്രവര്‍ത്തിയില്‍നിന്നും മഹേഷ് ഷെട്ടിയില്‍നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുകയാണും പൊലീസ് വ്യക്തമാക്കി. മരണത്തിനു മുമ്പ് സുശാന്ത് ഇരുവരുമായും ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം, ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതാണ് സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.