ബാബരി ഭൂമി സംഘപരിവാരത്തിന് വിട്ടുകൊടുത്ത ഉത്തരവ് വൈന്‍ കഴിച്ച് ആഘോഷിച്ച കാര്യം വെളിപ്പെടുത്തി മുന്‍ ചീഫ് ജസ്റ്റിസ്

justice ranjan gogoi book release

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ അന്തിമ വിധി ആഘോഷിച്ചതായി വെളിപ്പെടുത്തി ആ സമയത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി. വിധി പ്രഖ്യാപനത്തിന് ശേഷം സുപ്രീംകോടതി ബെഞ്ചിലെ അംഗങ്ങള്‍ ആഡംബര ഹോട്ടലില്‍ ഒത്തുകൂടിയതായാണ് വെളിപ്പെടുത്തല്‍.

ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി, വിധിപറഞ്ഞ ബെഞ്ചിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഹോട്ടല്‍ താജ് മാന്‍സിങ്ങില്‍ വിരുന്ന് നല്‍കിയ കാര്യമാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ രാജ്യസഭാംഗം കൂടിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ‘ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്’ എന്ന തന്റെ ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2018-ല്‍ സുപ്രീംകോടതിയിലെ നാല് സുപ്രധാന ജഡ്ജിമാര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം, കൊളീജിയത്തിന്റെ ഭാഗമായിരുന്ന ഘട്ടത്തിലെടുത്ത തീരുമാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആത്മകഥയില്‍ വിശദമാക്കുന്നുണ്ട് ഗൊഗോയ്.

അയോധ്യാ വിധി പ്രസ്താവിച്ച അന്നത്തെ സായാഹ്നം സംബന്ധിച്ച് ഗൊഗോയ് ഇങ്ങനെ എഴുതി: ‘വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. അന്ന് വൈകുന്നേരം, ജഡ്ജിമാരെ അത്താഴത്തിന് താജ് മാന്‍സിങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതില്‍ ഏറ്റവും മികച്ച ഒരു ബോട്ടില്‍ വൈനും പങ്കിട്ടു. കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ബില്ല് ഞാന്‍ നല്‍കി’.

ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, അയോധ്യാ വിധിപ്രസ്താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്.

ഗൊഗോയി വിരമിച്ച ശേഷം ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയിരുന്നു.