ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടര്‍ന്നേക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ആറു മാസത്തിനകം എഐസിസി വിളിച്ചു കൂട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നാണ് സോണിയാഗാന്ധി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ആറു മാസ കാലയളവില്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലെ ധാരണ.
നേരത്തെ, പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയ കത്തിനെച്ചൊല്ലി പ്രവര്‍ത്തക സമിതി യോഗത്തില്‍ വാക്‌പോര് ഉടലെടുത്തിരുന്നു. കത്ത് എഴുതിയവര്‍ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്ന വെളിപ്പെടുത്തല്‍ ഇതിന്റെ രൂക്ഷത വര്‍ധിപ്പിച്ചു.