Friday, June 25, 2021
Home News National ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി; കോവിഡ് ഭേദമായ ഛെത്രിയും സംഘത്തില്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി; കോവിഡ് ഭേദമായ ഛെത്രിയും സംഘത്തില്‍

ദോഹ: 2022ന് ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി. മലയാളികളായ അബ്ദുല്‍ സഹലും ആശിഖ് കരുണിയനും കോവിഡ് ഭേദമായ സൂപ്പര്‍ താരം സുനില്‍ ഛെത്രിയും സംഘത്തിലുണ്ട്.

ജൂണ്‍ 3 മുതലാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക. ദോഹയിലെ കോവിഡ് ടെസ്റ്റ് ഫലം ലഭിക്കുന്നതുവരെ 28 കളിക്കാരും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ കഴിയും. പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ടീമിന് ഇളവ് അനുവദിച്ചിരുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും ദോഹയില്‍ പരിശീലനം നടത്തുന്നതിന് ടീമിന് പിന്തുണ നല്‍കിയ ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന് ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നന്ദി അറിയിച്ചു. ഗ്രൂപ്പ് ഇ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ബയോ ബബിള്‍ സുരക്ഷാ മാനദണ്ഡപ്രകാരമാണ് നടക്കുക.

ഗ്രൂപ്പ് ഇയിലെ 5 മത്സരങ്ങളില്‍ നിന്ന് 3 പോയിന്റുള്ള ഇന്ത്യ ജൂണ്‍ 3 ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെയും(രാത്രി 10.30), ജൂണ്‍ 7 ന് ബംഗ്ലാദേശിനെയും(രാത്രി 7.30), ജൂണ്‍ 15 ന് അഫ്ഗാനിസ്ഥാനെയും(രാത്രി 7.30) നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

മെയില്‍ കൊല്‍ക്കത്തിയിലാണ് ഇന്ത്യന്‍ ടീം പരിശീലന ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, കോവിഡ് കാരണം മാറ്റുകയായിരുന്നു. ദുബയിയുമായുള്ള സൗഹൃദ മല്‍സരവും മഹാമാരി കാരണം തടസ്സപ്പെട്ടതായി കോച്ച് ഇഗോര്‍ സിറ്റ്മാക് പറഞ്ഞു. എങ്കിലും മുന്നോട്ട് കുതിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടീം അംഗങ്ങള്‍
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ദു, അമരീന്ദര്‍ സിങ്, ധീരജ് സിങ്
പ്രതിരോധ നിര: പ്രീതം കോട്ടാല്‍, രാഹുല്‍ ഭെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിങ്കലേസന സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്
മധ്യനിര: ഉദന്ത സിങ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാക്കോ, റൗളിന്‍ ബോര്‍ഗസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ താപ്പ, പ്രണോയ് ഹല്‍ദെര്‍, സുരേഷ് സിങ്, ലാലെങ് വാവിയ റാല്‍ത്തെ, അബ്ദുല്‍ സഹല്‍, യാസിര്‍ മുഹമ്മദ്, ലല്ലിന്‍സുവാല ചാങ്‌തെ, ബിപിന്‍ സിങ്, ആശിഖ് കരുണിയന്‍.
ഫോര്‍വേഡ്: ഇശാന്‍ പണ്ടിറ്റ്, സുനില്‍ ഛെത്രി, മന്‍വീര്‍ സിങ്.

 

Most Popular