Tuesday, July 27, 2021
Home News National ലോക്ക്ഡൗണ്‍ കാലത്ത് യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് മാറ്റിനല്‍കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് മാറ്റിനല്‍കുന്നു

അബൂദബി: ലോക്ക്ഡൗണ്‍ മൂലം രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചതോടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നല്‍കി തുടങ്ങി. 2020 മാര്‍ച്ച് മുതലുള്ള ടിക്കറ്റുകള്‍ 2021 ഡിസംബര്‍ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നല്‍കുന്നുതായി എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാല്‍ മാറ്റുന്ന കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസം യാത്രക്കാരന്‍ നല്‍കേണ്ടിവരും.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റെടുത്തവര്‍ എയര്‍ലൈനുമായി നേരിട്ടും എയര്‍ ഇന്ത്യയില്‍ ടിക്കറ്റെടുത്തവര്‍ എയര്‍ലൈന്‍ ഓഫിസിലോ അതത് ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ടാല്‍ മാറ്റിക്കിട്ടും. ടിക്കറ്റ് എടുത്ത യാത്രക്കാരന്റെ പേരിലേക്കു മാത്രമേ മാറ്റി നല്‍കൂ. യാത്ര വേണ്ടന്നു വയ്ക്കുന്നവര്‍ക്കു ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അനുകൂല വിധി വന്നാല്‍ ടിക്കറ്റ് തുക തിരിച്ചുകിട്ടും.

വന്ദേഭാരതിലേക്കും മാറ്റാന്‍ അവസരം

യാത്ര മുടങ്ങിയ വിമാന ടിക്കറ്റുകള്‍ വന്ദേഭാരത് മിഷന്‍ വിമാനത്തിലേക്കും മാറ്റി നല്‍കുന്നുണ്ട്. നേരത്തെ ഇതിന് അനുമതി ഉണ്ടായിരുന്നില്ല. പ്രസ്തുത സെക്ടറിലേക്കു നിലവില്‍ സര്‍വീസ് ഉള്ള ടിക്കറ്റുകളാണ് വന്ദേഭാരതിലേക്കു മാറ്റി നല്‍കുക. അല്ലാത്തവര്‍ക്ക് സാധാരണ വിമാന സര്‍വീസ് തുടങ്ങുന്ന തീയതിയിലേക്കു മാറ്റി നല്‍കും. സാധാരണ വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു കൂട്ടേണ്ടെന്നും എയര്‍ ഇന്ത്യ സൂചിപ്പിച്ചു.

അതേ സമയം, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബയ്, സൗദിയ തുടങ്ങിയ വിദേശ എയര്‍ലൈനുകളില്‍ ടിക്കറ്റ് തുക തിരിച്ചെടുക്കാനോ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ സൗകര്യം ഉണ്ട്. യാത്ര ചെയ്യാനുദ്ദേശിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകത്തുള്ള തീയതിയിലേക്കു മാറ്റാം. എമിറേറ്റ്‌സ് എയര്‍ലൈനില്‍ 2 വര്‍ഷത്തിനകം യാത്ര ചെയ്താല്‍ മതി. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സര്‍വീസ് നടത്തുന്ന ഔദ്യോഗിക, സ്വകാര്യ വിമാനക്കമ്പനികള്‍ ഉപയോഗിക്കാത്ത വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


 

Most Popular