സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതെ എയര്‍ ഇന്ത്യക്ക് വിമാനം പറത്താമെന്ന് സുപ്രിംകോടതി

air india middle seat booking

ന്യൂഡല്‍ഹി: മധ്യത്തിലുള്ള സീറ്റുകള്‍ ഒഴിച്ചിടാതെ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യക്ക് സുപ്രിംകോടതി അനുമതി നല്‍കി. അടുത്ത 10 ദിവസത്തേക്കാണ് ഈ അനുമതി ബാധകമാവുക. ഒരു നിരയില്‍ രണ്ടുയാത്രക്കാര്‍ക്കിടയില്‍ ഉള്ള സീറ്റുകള്‍ ഒഴിച്ചിടണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. വന്ദേഭാരത് ദൗത്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാതെ എയര്‍ ഇന്ത്യ യാത്രക്കാരെ കൊണ്ടുവരുന്നതിനെതിരേയായിരുന്നു ബോബെ ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയം പരിഗണനയിലിരിക്കുന്ന കാലയളവില്‍, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിനും എയര്‍ ഇന്ത്യക്കും ചട്ടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താവുന്നതാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യയുമാണ് സുപ്രിം കോടതിയെ സമീപിച്ചത്. അടുത്ത 10 ദിവസത്തേക്ക് മധ്യസീറ്റുകള്‍ ഒഴിച്ചിടാതെ എയര്‍ ഇന്ത്യക്ക് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പറത്താമെന്ന് വിധിയില്‍ പറയുന്നു.

വിഷയം വീണ്ടും പരിഗണിക്കാന്‍ ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും സുപ്രിംകോടതി അറിയിച്ചു. യാത്രക്കാരുടെ ആരോഗ്യ പ്രധാനമാണെന്നും എല്ലാ വശവും പരിഗണിച്ച് ഇടക്കാല ഉത്തരവിടാന്‍ ബോംബെ ഹൈക്കോടതിയോട് നിര്‍ദേശിക്കുമെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു.

Air India can operate non-scheduled international flights with middle seats booking