അബൂദബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാര്‍ ലോക്കല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും പിഎന്‍ആര്‍ നമ്പറിനൊപ്പം നല്‍കണമെന്ന് എയര്‍ ഇന്ത്യ. യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റില്‍ പോകുന്നവര്‍ ഇന്ത്യയില്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ നല്‍കാത്തതു പ്രയാസമുണ്ടാക്കുന്നതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
യുഎഇയിലേക്കു വരുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ യുഎഇയിലുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പര്‍കൂടി നല്‍കണം. അപ്രതീക്ഷിത യാത്രാ നിബന്ധനകളോ വിമാനം വൈകലോ സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം.
നിയമം നിലവിലുണ്ടെങ്കിലും രണ്ടിടങ്ങളിലെയും ഫോണ്‍ നമ്പര്‍ പിഎന്‍ആര്‍ നമ്പറില്‍ പലരും അപ്ഡേറ്റ് ചെയ്തിരുന്നില്ല. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ ഇവിടത്തെയും നാട്ടിലെയും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നിര്‍ബന്ധമായും പിഎന്‍ആര്‍ നമ്പറില്‍ റജിസ്റ്റര്‍ ചെയ്തെന്ന് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഏജന്‍സികള്‍ പലപ്പോഴും നാട്ടിലെ നമ്പര്‍ കൊടുക്കാറില്ല.