Tuesday, June 15, 2021
Home Gulf നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്ന പ്രവാസികള്‍ക്ക് പുതിയ ഇരുട്ടടി വരുന്നു; വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി...

നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്‍ക്കുന്ന പ്രവാസികള്‍ക്ക് പുതിയ ഇരുട്ടടി വരുന്നു; വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി എയര്‍ ഇന്ത്യ

ദുബൈ: ടിക്കറ്റിനും ക്വാരന്റീനില്‍ കഴിയാനുള്ള തുകയ്ക്കും സാമൂഹിക സംഘടനകളുടെ കാരുണ്യംതേടുന്ന പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി വരുന്നു. നിലവില്‍ തന്നെ താങ്ങാന്‍ കഴിയാതിരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന കൂടിയ ടിക്കറ്റ് നിരക്കിന്റെ 40 ശതമാനത്തോളം വര്‍ധനയാണ് വരാനിരിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തിന്റെ മധ്യത്തിലുള്ള സീറ്റുകളില്‍ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശമാണ നിരക്കു വര്‍ധനയ്ക്കു വഴിയൊരുക്കുന്നത്.

ഈ ഉത്തരവ് പാലിക്കേണ്ടി വന്നാല്‍ നിരക്കു വര്‍ധനയല്ലാതെ വേറെ വഴിയില്ലെന്നാണ് എയര്‍ ഇന്ത്യയുടെ ന്യായം. നിലവില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ശരാശരി 15,000ഓളം രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. ഓഫ് സീസണ്‍ നിരക്കിന്റെ ഇരട്ടിയോളമാണ് ഈ തുക. വര്‍ധന വരികയാണെങ്കില്‍ ഇത് ചുരുങ്ങിയത് 20,000നും 25,000നും ഇടയില്‍ നല്‍കേണ്ടി വരും. അതിനു പുറമേയാണ് ക്വാരന്റീന്‍ ചെലവ്.

സാമൂഹിക അകലം പാലിക്കാത്തതിനെതിരേ നല്‍കിയ കേസില്‍, വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ് തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിമാനത്തിനകത്ത് ഇതിന് കടക വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് പ്രവാസികളെ തിരിച്ചു നാട്ടിലെത്തിക്കുന്നത്.

നിലവില്‍ ഈടാക്കുന്ന തുക തന്നെ പലര്‍ക്കും താങ്ങാന്‍ കഴിയുന്ന നിരക്കല്ല. വീണ്ടും തുക വര്‍ധിപ്പിക്കുകയാണങ്കില്‍ അതു തൊഴില്‍ നഷടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എന്ന സ്വപ്നം തന്നെ തകര്‍ത്തു കളയും. പലരും ഗള്‍ഫിലെ സന്നദ്ധസംഘടനകളുടെയും വ്യവസായ ഗ്രൂപ്പുകളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലുള്ള തുക അശരണരായ പ്രവാസികള്‍ക്ക് ടിക്കറ്റിന് വേണ്ടി നല്‍കാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനി അതു മാത്രമാണ് പ്രവാസികളുടെ പ്രതീക്ഷ.

air india planning to hike ticket fare in vende bharat mission


 

Most Popular