Monday, May 10, 2021
Home News National 'വന്ദേ ഭാരത്' മിഷന്റെ ഭാഗമായി വുഹാനിലെത്തിയ 19 യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിൽ പ്രതികരണവുമായി എയർ ഇന്ത്യ

‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി വുഹാനിലെത്തിയ 19 യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിൽ പ്രതികരണവുമായി എയർ ഇന്ത്യ

ന്യൂഡല്‍ഹി: ‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനത്തില്‍ ചൈനയിലെ വുഹാനിലെത്തിയ 19 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച ശേഷമാണ് യാത്രയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വുഹാനിലേക്ക് പുറപ്പട്ട എല്ലാ യാത്രക്കാരുടെ കൈവശവും അംഗീകൃത ലാബുകളില്‍നിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായും എയര്‍ ഇന്ത്യ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ‘അംഗീകൃത ലാബില്‍നിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍നിന്ന് വുഹാനിലേക്ക് പുറപ്പെട്ട എല്ലാ യാത്രക്കാരുടെയും കൈവശമുണ്ട്. അധികൃതര്‍ നിശ്ചയിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും എയര്‍ ഇന്ത്യ കര്‍ശനമായി പാലിക്കുകയും എത്തിച്ചേരുന്ന രാജ്യത്തെയും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നു’ -എയര്‍ ഇന്ത്യ വ്യക്തമാക്കി.

രണ്ടു കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് എല്ലാ ഇന്ത്യന്‍ യാത്രക്കാര്‍ക്കും വിമാനത്തില്‍ കയറാന്‍ അനുവാദം നല്‍കുക. രോഗം സ്ഥിരീകരിച്ച 19 പേര്‍ക്ക് പുറമെ മറ്റു 38 യാത്രക്കാര്‍ക്കും രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ 58 യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വുഹാനിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കോവിഡ് പരിശോധന ഫലം നെഗറ്റീവാകുന്നതുവരെ പ്രത്യേക സെന്ററില്‍ പാര്‍പ്പിക്കും. നെഗറ്റീവ് ആയശേഷം മാത്രമേ പുറത്തുവിടൂ. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും വേണം.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ആറുവിമാനങ്ങള്‍ ചൈനയില്‍ എത്തിയിരുന്നു. വുഹാനിലേക്ക് ആദ്യമായാണ് വിമാനം എത്തുന്നത്. കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചൈനയിലെ വുഹാന്‍.

ആദ്യമായല്ല എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് എത്തിപ്പെട്ട സ്ഥലങ്ങളില്‍വെച്ച് രോഗം സ്ഥിരീകരിക്കുന്നത്. യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവംബര്‍ 10വരെ ഹോങ്‌കോങ് സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കോവിഡ് 19നെ തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. തുടര്‍ന്ന് പ്രത്യേക വിമാനങ്ങള്‍ അനുവദിക്കുകയായിരുന്നു.

Most Popular