Saturday, January 29, 2022
HomeNewsNationalയുപിയില്‍ അഖിലേഷ് തരംഗം; യോഗിക്ക് കാലിടറുന്നു

യുപിയില്‍ അഖിലേഷ് തരംഗം; യോഗിക്ക് കാലിടറുന്നു

ലഖ്‌നോ: കര്‍ഷകരോഷവും ഇന്ധനവില വര്‍ധനവും യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൂചന. വന്‍പ്രതിഷേധത്തിന് പിന്നാലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യരുതെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. സര്‍വേ ഫലങ്ങള്‍ പ്രവചിച്ചത് ശരിവയ്ക്കും വിധം വന്‍ജനക്കൂട്ടമാണ് യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ഒഴുകിയെത്തുന്നത്.

ഇതിന്റെ ചിത്രങ്ങളും ബിജെപിയെ കടന്നാക്രമിച്ചുള്ള തലക്കെട്ടുകളും ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ അഖിലേഷ് തന്നെ ഇത് പങ്കുവയ്ക്കുന്നുണ്ട്. ബിജെപിക്കുള്ള വാതില്‍ അടഞ്ഞു, ഞങ്ങള്‍ക്ക് ഇനി ബിജെപി വേണ്ട.. തുടങ്ങി ചെറിയ തലക്കെട്ടിലൂടെ നിലപാട് വ്യക്തമാക്കിയാണ് അഖിലേഷിന്റെ പ്രചാരണം െകാഴുക്കുന്നത്.

കോണ്‍ഗ്രസിനെയും ബിഎസ്പിയെയും ഒരുപോലെ ആക്രമിച്ചാണ് അഖിലേഷിന്റെ പ്രചാരണം. മമത ബംഗാളില്‍ ബിജെപിയെ കടപുഴക്കിയ പോലെ യുപിയില്‍ നിന്നും യോഗിയെയും ബിജെപിയെയും തറപറ്റിക്കുമെന്നാണ് അഖിലേഷിന്റെ അവകാശവാദം. ഹത്രസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായി കൊലപ്പെട്ട സംഭവം അടക്കം ആവര്‍ത്തിച്ച് ചര്‍ച്ചയാക്കി സ്ത്രീവോട്ടുകളും ലക്ഷ്യമിട്ടാണ് മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ മാസം പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബിജെപിക്ക് ഇത്തവണ നൂറ് സീറ്റോളം കുറയുമെന്നാണ് പ്രവചനം. 213 മുതല്‍ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി 152-160 സീറ്റുകള്‍ വരെ നേടി മുന്നേറ്റം നടത്തിയേക്കാമെന്നും സര്‍വേ പറഞ്ഞിരുന്നു. പ്രതിപക്ഷത്ത് വ്യക്തമായ ഐക്യം സാധ്യമായാല്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം ദുഷ്‌കരമാവുമെന്നാണ് സൂചനകള്‍.

Most Popular