ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി. ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. നിരപരാധികള്‍ക്കെതിരെ നിയമം ചുമത്തുകയാണ്. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. റഹ്മുദീന്റെ കേസിലും മാംസത്തിന്റെ ഫോറന്‍സിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നിരപരാധികള്‍ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീന്‍ തടവിലാണ്. ഇയാള്‍ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറില്‍ വ്യക്തമായ പരാമര്‍ശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാന്‍ ഹൈകോടതി തീരുമാനിച്ചത്.