Tuesday, June 22, 2021
Home News National രജനീകാന്ത് വഴങ്ങിയില്ല; തമിഴകം പിടിക്കാനുള്ള അമിത് ഷായുടെ നിര്‍ണായക നീക്കം പാളി

രജനീകാന്ത് വഴങ്ങിയില്ല; തമിഴകം പിടിക്കാനുള്ള അമിത് ഷായുടെ നിര്‍ണായക നീക്കം പാളി

ചെന്നൈ: തമിഴകം പിടിക്കാനുള്ള അമിത് ഷായുടെ ആദ്യ കരുനീക്കം തന്നെ പാളി. തമിഴ് മക്കളുടെ പ്രിയതാരമായ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഫലം കാണാതെ പോയത്. രാഷ്ട്രീയ കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ രജനീകാന്ത് ഉറച്ചുനിന്നതോടെയാണ് അമിത് ഷായ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നത്. തമിഴകത്ത് ബിജെപി സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

ചെന്നൈയിലെത്തിയ അമിത് ഷായുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഷാ സഖ്യചര്‍ച്ചകള്‍ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടില്‍ പ്രചാരണത്തില്‍ ശ്രദ്ധിക്കൂ എന്നും നേതാക്കളോട് പറഞ്ഞു. രജനീകാന്തുമായി ചര്‍ച്ച നടന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചിപ്പിച്ചു.

മികച്ച ജനപിന്തുണയുള്ള ആളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അമിത് ഷാ യോഗത്തില്‍ അവകാശപ്പെട്ടു. സഖ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഷാ, കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയിരുന്നു. ഖുശ്ബുവിന് പിന്നാലെ കൂടുതല്‍ താരങ്ങളെ ഒപ്പമെത്തിക്കാനാണ് ബിജെപി തീരുമാനം.


 

Most Popular