ആന്ധ്രയില്‍ ദുരൂഹരോഗം ബാധിച്ച് ഒരാള്‍ മരിച്ചു;292 പേര്‍ ആശുപത്രിയില്‍

andra mysterious disease

ആന്ധ്ര പ്രദേശിലെ എലൂരില്‍ ദുരൂഹ രോഗം ബാധിച്ച് ഒരാള്‍ മരിച്ചു. 45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. 292 പേരാണ് ആശുപത്രിയിലുള്ളത്. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

രക്തപരിശോധനയും സിടി സ്‌കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു.

140ഓളം രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചെന്നും വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കല്‍ വിഭാഗം അറിയിച്ചു. ഏഴ് പേരെ വിദഗ്ധ ചികിത്സക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എലുരു മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ചീഫ് സെക്രട്ടറിയെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.