Tuesday, September 28, 2021
Home Ediotrs Pick മുസ്ലിംകളെ വെട്ടിക്കൊല്ലുമ്പോള്‍ അവര്‍ രാമനാമം ജപിക്കും; കൊലവിളിയുമായി ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പ്രകടനം

മുസ്ലിംകളെ വെട്ടിക്കൊല്ലുമ്പോള്‍ അവര്‍ രാമനാമം ജപിക്കും; കൊലവിളിയുമായി ഡല്‍ഹിയില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പ്രകടനം

ന്യൂഡല്‍ഹി: ജന്തര്‍ മന്ദിറില്‍ മുസ്ലിംകളെ വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ഉള്‍പ്പെടെയുള്ള സംഘപരിവാര പ്രവര്‍ത്തകരാണ് പിടിയിലായത്. സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹിയിലെ മുന്‍ ബിജെപി വക്താവുമായ അശ്വനിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കാലത്തെ നിയമം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് പരിപാടി നടത്തിയത്. എന്നാല്‍, അത് പിന്നീട് മുസ്ലിം വിരുദ്ധ കൊലവിളിയായി മാറുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത ഹിന്ദു സേന പ്രസിഡന്റ് ദീപക് സിങ് ഹിന്ദു, വിനീത് ക്രാന്തി, പ്രീത് സിങ്, സുദര്‍ശന്‍ വാഹിനിയുടെ തലവനായ വിനോദ് ശര്‍മ, ജെസിപി (ന്യൂഡല്‍ഹി റേഞ്ച്) ജസ്പാല്‍ സിങ് എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.


ഞായറാഴ്ച ജന്തര്‍ മന്ദിറില്‍ അശ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

മുസ്ലിംകള്‍ പന്നികളാണെന്നും അവരെ കൊല്ലണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു മുദ്രാവാക്യങ്ങള്‍. ജബ് മുല്ലാ കാട്ടേ ജായേന്‍ഗേ, വോ റാം റാം ചില്ലായേന്‍ഗേ(മുസ്ലിംകളെ കൊല്ലുമ്പോള്‍, അവര്‍ രാമനാമം ജപിക്കും), ഹിന്ദുസ്ഥാന്‍ മേ രഹ്നാ ഹോഗാ, തോ ജയ് ശ്രീ റാം കഹ്നാ ഹോഗാ(ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീം വിളിക്കണം) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ മുഴുക്കി.

വീഡിയോ വ്യാപകമായി പ്രചരിക്കുകയും വലിയ തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തതോടെ പോലിസ് അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലിസ് കമീഷണര്‍ രാകേഷ് അസ്താന നിര്‍ദേശിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളെ ചോദ്യം ചെയ്യലിനായി ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കൊണാട്ട് പ്ലേസ് പോലിസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് അറസ്‌റ്റെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ക്കു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വന്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് അതില്‍ കൊല്ലപ്പെട്ടത്.

 

Most Popular